Friday, November 23, 2007

കോതാമൂരിയാട്ടം കണ്ടിട്ടുണ്ടോ ?..............




ത്തരകേരളത്തില്‍ മാത്രം കാണപ്പെടുന്ന പ്രാചീന നാടന്‍ കലാരൂപമാണ് കോതാമൂരിയാട്ടം.കോത എന്നാല്‍ കുട്ടി എന്നും മൂരി എന്നാല്‍ കാള എന്നും അര്‍ത്ഥം.ഇതിവ്യത്തം പുരാണവുമായി ബന്ധപ്പെട്ടുകിടക്കുന്നു.കാളയുടെ രൂപം അരയില്‍ കെട്ടി പാട്ടിനും താളത്തിനും അനുസരിച്ചാടുന്ന കൊച്ചുകുട്ടിയാണ് ഈ കലാരൂപത്തിന്റെ മുഖ്യ ആകര്‍ഷണം.ഒപ്പം വിദൂഷകവേഷമണിഞ്ഞ് മുഖപടം ധരിച്ച രണ്ടു പനിയന്മാരും ചേര്‍ന്നാണ് കോതാമൂരിയാട്ടം അവതരിപ്പിക്കുന്നത്.



പനിയന്മാര്‍ നര്‍മ്മരസം തുളുമ്പുന്ന സംഭാഷണത്തിലൂടെയും കൈ മെയ് ചലനങ്ങളിലൂടെയും ആസ്വാധകരെ രസിപ്പിക്കുന്നു.ചെണ്ടയുടെ ചടുലതാളങ്ങള്‍ക്കൊപ്പം വിവിധവേഷങ്ങള്‍ ന്യത്തമാടുന്നു.ക്യഷ്ണപ്പാട്ട്,അയ്യപ്പന്‍ സ്തുതി,ശിവപാര്‍വതിസ്തുതി എന്നിവയാണ് കോതാമൂരിയാട്ടത്തിന്റെ കഥാപ്രമേയം.
പുരാണത്തില്‍ പരാമര്‍ശിക്കുന്ന ഗോധാവരിപശുവിനെ ആധാരമാക്കിയാണ് ഈ കലാരൂപം ഉടലെടുത്തത്.കണ്ണൂരിലും കാസര്‍ഗോഡുമുള്ള അപൂര്‍വ്വം കലാകാരന്മാര്‍ മാത്രമാണ് ഇന്ന് ഈ കലാരൂപം അവതരിപ്പിക്കുന്നത്.

കോഴിയങ്കം / കോഴിക്കെട്ട് വീണ്ടും വ്യാപകമാവുന്നു




കേരള കര്‍ണാടക സര്‍ക്കാരുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിരോധിച്ച കോഴിയങ്കങ്ങള്‍ (കോഴികെട്ട്)കാസര്‍ഗോഡ് ജില്ലയുടെ വടക്കെ അതിര്‍ത്തിഗ്രാമങ്ങളില്‍ വീണ്ടും സജീവമാകുകയാണ്.അധിക്യതരുടെ മൌനാനുവാദത്തോടെയാണ് പ്രാക്യതമായ ഈ വിനോദം അരങ്ങേറുന്നത്.

ജന്തുസ്നേഹികളുടെ രോഷം വകവെയ്കാതെയാണ് ജില്ലയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങളായ തലപ്പാടി,മുള്ളേരിയ തുടങ്ങിയ സ്ഥലങ്ങളില്‍ കോഴികെട്ട് നടക്കുന്നത്.ആയിരക്കണക്കിന് കോഴികളാണ് ഈ ക്രൂരവിനോദത്തില്‍ പിടഞ്ഞുവീണ് മരിക്കുന്നത്.അതോടൊപ്പം തന്നെ ലക്ഷകണക്കിനു രൂപയുടെ വാതുവെപ്പുകളും ഇവിടെ അരങ്ങേറുന്നുണ്ടിവിടെ.




തലയെടുപ്പും തൂക്കവുമുള്ള അങ്കക്കോഴികളെ പ്രത്യേകം വളര്‍ത്തിയെടുത്താണ് പോരിന് ഇറക്കുന്നത്.കൊയ്തു കഴിഞ്ഞ പാടങ്ങളിലാണ് കോഴിപ്പൊര് നടക്കാറ്.കാലുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കെട്ടിവച്ചാണ് കോഴികളെ പോരിനിറക്കുന്നത്.മാത്രവുമല്ല പലപ്പൊഴും കോഴിപ്പൊരുകള്‍ അവസാനം മനുഷ്യര്‍ തമ്മിലുള്ള സംഘട്ടനങ്ങളായി മാറുന്നുമുണ്ട്.





തുളുനാടന്‍ സംസ്കാരവുമായും അനുഷ്ടാനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാലായിരിക്കും നിയമം നിരോധിച്ചിട്ടും കോഴിയങ്കം ഇവിടെ വീണ്ടും സജീവമാകുന്നത്.

Tuesday, November 6, 2007

മലബാര്‍ ഹുക്കകള്‍

ലബാറിന്റെ നാമം വിദേശങ്ങളിലും വിശിഷ്യ അറബിനാടുകളിലും പ്രസിദ്ധമാക്കിയ മലബാ‍ര്‍ ഹുക്കകള്‍ ഇന്ന് നിലനില്പിന്റെ പോരാട്ടത്തിലാണ്.അവശ്യ വസ്തുക്കളുടെ വിലവര്‍ദ്ധനയും വിദേശ വിപണിയിലെ ചാഞ്ചാട്ടങ്ങളും ഈ കരകൌശലത്തൊഴിലിന്റെ മുന്നൊട്ടുള്ള വഴികളില്‍ ഭീഷണിയാവുന്നു.
അറബ് നാടുകളില്‍ നിന്ന് ഇവിടെ എത്തുകയും പിന്നീട് ഇവിടെ നിന്ന് ഉത്പാദനം ആരഭിക്കുകയുക് ചെയ്തതാണ് ഹുക്കകള്‍.മൂശാരിമാര്‍ എന്ന സമുദായമാണ് ഈ തൊഴിലില്‍ പ്രാവീണ്യം നേടിയവര്‍.കോഴിക്കൊട് കൊയിലാണ്ടിക്കടുത്ത് കൊല്ലത്തെ പതിനഞ്ചോളം കുടുംബങ്ങളാണ് ഈ തൊഴിലില്‍ വ്യപ്യതരായിരിക്കുന്നത്.
മെഴുകുകളില്‍ മൊഡല്‍ ഉണ്ടാക്കി അതിലേക്ക് ചെമ്പും മറ്റു കൂട്ടു ലോഹങ്ങളും ഉരുക്കിയൊഴിച്ചാണ് ഹുക്കയുടെ പ്രാഥമിക രൂ‍പം ഉണ്ടാക്കുന്നത്.തുടര്‍ന്ന് നാളികേരത്തിന്റെ ചിരട്ട ലോഹത്തിനാല്‍ പൊതിയുന്നു.എന്നിട്ട് ബാക്കി ഭാഗങ്ങള്‍ അവയോട് ഘടിപ്പിക്കുന്നു.നന്നായി അലങ്കരിച്ചെടുക്കുന്ന ഹുക്കകള്‍ക്ക് 500 മുതല്‍ 1500 രൂപ വരെ വില ലഭിക്കും.
പുകവലി കുറയുകയും പഴയ രീതികളില്‍ നിന്ന് അറബികള്‍ മാറുകയും ചെയ്തതോടെ പൂര്‍ണമായും പ്രതിസന്ധിയിലായിരിക്കയാണ് ഈ കരകൌശല വ്യവസായം